കാബൂൾ: ബെഹ്രാംപുർ ജില്ലയിലെ അതിർത്തി മേഖലയിൽ താലിബാൻ നടത്തിയ മിന്നൽ ആക്രമണത്തിൽ 58 പാക് സൈനികര്‍ കൊല്ലപ്പെട്ടു. 30ലേറെ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കാബൂളിലെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഒരു ആക്രമണത്തിനും ഉത്തരംകിട്ടാതെ പോകില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഏറ്റുമുട്ടലിൽ 20 അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാൽ ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല.
പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ളാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തെ പലരാജ്യങ്ങൾക്കും ഐഎസ് ഒരു ഭീഷണിയാണെന്ന് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അതേസമയം അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. പാക്കിസ്ഥാന്റെ പോസ്റ്റുകളിൽ ആക്രമണം നടത്തിയെന്നും 25 പോസ്റ്റുകൾ പിടിച്ചെടുത്തെന്നും അഫ്ഗാൻ അധികൃതർ വ്യക്തമാക്കി.